യശ്വന്തപുരം- ധർമ്മവാരം- ഗുണ്ടക്കൽ സെക്ഷൻ
യശ്വന്തപുരം- ധർമ്മവാരം- ഗുണ്ടക്കൽ സെക്ഷൻ :
ബാംഗ്ലൂർ ഡിവിഷന്റെ ജീവനക്കാരുടെ പ്രവർത്തന പരിധി മുമ്പ് ധർമ്മവാരം (Dharmavaram) വരെയായിരുന്നു .
അവിടുന്ന് ഗുണ്ടക്കൽ(Guntakal) ഡിവിഷൻ (സൗത്ത് സെൻട്രൽ റെയിൽവേ )
മുൻകാലങ്ങളിൽ അതാത് ഡിവിഷന് അകത്ത് അതാത് ഡിവിഷനിലെ ജീവനക്കാർതന്നെ ജോലിചെയ്യുന്ന സംവിധാനമായിരുന്നു നിലനിന്നിരുന്നത് .പലപ്പോഴും ഡിവിഷനിൽ ഉണ്ടാകുന്ന പ്രാദേശിക പ്രശ്നങ്ങൾ കാരണം തൊഴിലാളികൾ പ്രതിഷേധിക്കുകയും അതിന്‍റെ ഫലമായി ട്രെയിൻ സർവീസുകൾ നിലയ്ക്കുകയോ താമസിക്കുകയോ ചെയ്യുമായിരുന്നു .അടുത്ത ഡിവിഷനിലെ തൊഴിലാളികൾക്ക് ഈ ഡിവിഷനിൽ ജോലി ചെയ്ത് പരിചയം ഇല്ലാത്തതിനാൽ അവരെ ഉപയോഗപ്പെടുത്താൻ പറ്റാത്ത ഒരു അവസ്ഥയും ഉണ്ടായിരുന്നു . അപകടങ്ങൾ ഉണ്ടായാൽ അടുത്ത ഡിവിഷനിൽ നിന്നും ആവശ്യമായ അത്യാവശ്യ ട്രെയിനുകൾ എത്തിക്കാനും അതുകൊണ്ടു തന്നെ പ്രതിബന്ധം ഉണ്ടായിരുന്നു . കൂടാതെ പല ഡിവിഷനുകളിലും നാലുമണിക്കൂർ മാത്രമായിരുന്നു ഒരു ഭാഗത്തേക്കുള്ള യാത്രാസമയം .
അങ്ങനെയാണ് റെയിൽവേ ഇൻറർ ഡിവിഷൻ - ഇൻറർ സോൺ പ്രവർത്തനങ്ങൾ ആരംഭിച്ചത് .ഇതിന്‍റെ ഭാഗമായി ബാംഗ്ലൂർ ഡിവിഷനിലെ ലോക്കോ പൈലറ്റുമാരും ഗാർഡ് മാരും ഗുണ്ടക്കൽ വരെ ജോലി ചെയ്യാൻ തുടങ്ങി . തൊഴിൽ സമയം 7 മണിക്കൂർ ആയി ഉയർന്നു. ബാംഗ്ലൂർ ധർമ്മ വാരം സെക്ഷൻ കയറ്റവും ഇറക്കവും വളവുകളുള്ള ഗാട്ട് സെക്ഷൻ (Ghat Section) ആണ് . ധർമ്മ വാരം -ഗുണ്ടക്കൽ താരതമ്യേന നിരപ്പായ പാതയാണ് . കല്ലൂരിൽ (Kallur)നിന്നും കാദർ പെട്ട് (Kaderpet)വഴിയുള്ള പാതയിൽ മാത്രമേ കുറച്ച് വളവുകളും കയറ്റങ്ങളും ഉള്ളൂ .
യശ്വന്തപുരത്തു നിന്ന് ധർമ വാരം വരെ 180 കിലോമീറ്റർ, ധർമവാരത്തുനിന്ന് ഗുണ്ടകൾ വരെ 120 കിലോമീറ്ററുമാണ് ദൂരം .
യശ്വന്തപുരം ധർമ്മവാരം രണ്ട് വഴിക്ക് പോകാം. പെനുകൊണ്ട (Penukonda) സ്റ്റേഷനിൽനിന്ന് സത്യസായി പ്രശാന്തിനിലയം(Sri Sathya Sai Prasanthi Nilayam) വഴിയും 54 കിലോമീറ്റർ അല്ലാതെ നാഗ സമുദ്രം (Nagasamudram)വഴി നേരിട്ടും 41 കിലോമീറ്റർ ധർമവാരത്തുനിന്നും ഗുണ്ടകലേക്ക് കല്ലൂർ ഗുത്തി(Gooty) വഴിയും (118 കിലോമീറ്റർ) കാദർ പെട്ട് വഴിയും (101 കിലോമീറ്റർ) പോകാവുന്നതാണ് .
നിലവിൽ വൈദ്യുതികരണം പൂർത്തിയായി ഇരട്ടപ്പാത യുടെ പ്രവർത്തനം തകൃതിയായി നടക്കുകയാണ്. ഇരട്ട പാതയും വൈദ്യുതീകരണവും യാത്ര സമയത്തിൽ ഗണ്യമായ കുറവ് വരുത്തും.
ഗുണ്ടകൽ സ്റ്റേഷൻ ഒരു ചെറിയ ജംഗ്ഷൻ സ്റ്റേഷനായിരുന്നു . ശരിയായ ഒരു സ്റ്റേഷൻ കെട്ടിടം തന്നെ ഉണ്ടായിരുന്നില്ല എന്നാൽ പിന്നീട് സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറ്റി കൊണ്ട് വിമാനത്താവളത്തിനോട് കിട പിടിക്കുന്ന വിധം പുതിയ കെട്ടിടവും സൗകര്യങ്ങളും വന്നു.
യശ്വന്തപുരത്തു നിന്നും ഗുണ്ടക്കലേക്ക് യാത്രയാരംഭിച്ചാൽ കടന്നുപോകുന്ന സ്റ്റേഷനുകളെ ഒന്നു പരിചയപ്പെടുത്താം.
യലഹങ്ക
യശ്വന്തപുരം വിട്ടാൽ അടുത്ത സ്റ്റേഷന്‍ യലഹങ്കയാണ് (Yelahanka).
നഗരങ്ങൾ വശങ്ങളിലേക്ക് വളരുന്നു എന്നാണല്ലോ. യലഹങ്ക യും വളരെ
വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു. റെയിൽ വീൽ
ഫാക്ടറി(Rail Wheel Factory RWF) ഇന്ത്യയിലെതന്നെ
തീവണ്ടി ചക്രങ്ങൾ നിർമിക്കുന്ന റെയിൽവേയുടെ ഒരു വലിയ ഫാക്ടറിയാണ് . വിദേശത്തേക്കും
കയറ്റുമതി ചെയ്യുന്നു.
ഏതാണ്ട് 2500 ഓളം തൊഴിലാളികള്‍ ഇവിടെ ഉണ്ട് .
എയർഫോഴ്സ് ,ബി എസ് എഫ് ക്യാമ്പ് , സിആർപിഎഫ് ബേസ് മുതലായവ നേരത്തെതന്നെ യഹങ്കയിലുണ്ട് . മറ്റ് അനവധി
സ്ഥാപനങ്ങളും യലഹങ്കയിലുണ്ട്. ബാംഗ്ലൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ
നന്ദിഹിൽസ് ലേക്ക് യലഹങ്ക വഴിയാണ് പോകേണ്ടത് .ബാംഗ്ലൂർ അന്താരാഷ്ട്ര
വിമാനത്താവളം ഇവിടെനിന്നും അടുത്താണ്.
വിമാനത്താവളം വന്നതോടെ ധാരാളം മൾട്ടിനാഷണൽ കമ്പനികൾ യലഹങ്കയിൽ പ്രവർത്തനം
ആരംഭിച്ചു.
യലഹങ്ക സ്റ്റേഷൻ വർഷങ്ങൾക്കുമുമ്പ് താരതമ്യേന വളരെ ചെറിയ സ്റ്റേഷൻ ആയിരുന്നു .എന്നാൽ പുതുതായി നിർമ്മിച്ച സ്റ്റേഷൻ അഞ്ചു പ്ലാറ്റ്ഫോമുകളോടെ, ഓവർ ബ്രിഡ്ജ്, വെയിറ്റിംഗ് റൂം, വിപുലമായ പാർക്കിംഗ് സംവിധാനം എന്നിവയോടെ മനോഹരമായ ഒരു സ്റ്റേഷൻ ആയി മാറി .
ചില ട്രെയിനുകൾ ഇവിടെനിന്നും ഓടാൻ തുടങ്ങി . ഇവിടെനിന്നും ചിക്കബല്ലപുർ കോലാർ ബങ്കാർപെട്ടപാത തിരിയുന്നു.
യലഹകയിൽ നെയ്ത്തുകാരുടെ ധാരാളം ചെറുകിട യൂണിറ്റുകൾ പ്രവർത്തിക്കുന്നു. സ്റ്റേഷന് വളരെ അടുത്തായി വലിയ ബസ്റ്റാൻഡ് ഉണ്ട് .
രാജനു കുണ്ടെ
യലഹങ്ക കഴിഞ്ഞാൽ അടുത്ത സ്റ്റേഷൻ രാജനു കുണ്ടെ (Rajanukunta) ആണ് .കിർലോസ്കർ ബിസിനസ് പാർക്ക് , ബാംഗ്ലൂർ ഇൻറർനാഷണൽ എക്സിബിഷൻ സെൻറർ(BIEC) എന്നിവ ഇവിടെയാണ്.
ബാംഗ്ലൂർ ഇൻറർനാഷണൽ എക്സിബിഷൻ സെൻറർ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. 57 ഏക്കർ പരന്നുകിടക്കുന്ന ഇവിടെ അഞ്ച് എക്സിബിഷൻ ഹാളുകൾ ഉണ്ട് .
77500 സ്ക്വയർ മീറ്റർ കാലുകൾ ഇല്ലാത്ത മൂന്ന് എസി ഹാളുകൾ. 5600 സ്ക്വയർ മീറ്റർ ഉള്ള മൾട്ടി ഫെസിലിറ്റി കോൺഫറൻസ് ഹാൾ ,ഹെലിപാഡ്, തീയേറ്റർ വിഐപി ലോഞ്ച് ,7500 സ്ക്വയർ മീറ്റർ ഉള്ള ഫുഡ്കോർട്ട് ,മെഷീൻ ട്രെയിനിങ് സെന്റർ, പാർക്കിംഗ് ഏരിയ ,11 MV വൈദ്യുതി വിതരണ സംവിധാനം .
കോവിഡ കാലഘട്ടത്തിനു മുമ്പ് ധാരാളം പരിപാടികൾക്ക് ഈ എക്സിബിഷൻ സെൻറർ വേദിയായിട്ടുണ്ട് .
ദൊഡ്ബലാപൂർ
അടുത്ത സ്റ്റേഷൻ ദൊഡ്ബലാപൂർ (Dodballapur).
കർണാടകയിലെ പ്രധാന വ്യവസായ നഗരമാണിത് 150-ഓളം വലുതും ചെറുതുമായ കമ്പനികൾ ഇവിടെയുണ്ട് .കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ, സോഫ്റ്റ്‌വെയർ കമ്പനികൾ ധാരാളമുണ്ട് .
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെടും.
ബർല സൂപ്പർ ബൾക്ക് ടെർമിനൽ ( Birla Super Bulk Terminal - Unit Ultra Tech Cement) സിമൻറ് കമ്പനി ഇവിടെയാണ്. റെയിൽവെയുടെ ഒരു സൈഡിങ്ങ് ലൈൻ ഇതിലേക്ക് ഉണ്ട് .
മാകലിദുർഗ്(Makali durg)
ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ ദൂരെയാണ് മാകലി ദുർഗ്. ട്രക്കിങ്ങ് ഇഷ്ടപ്പെടുന്ന വരുടെ പറുദീസയാണ് മാകലി ദുർഗ്.
മാർക്കണ്ഡേയ മഹർഷി ഇവിടെ തപസ്സ് ചെയ്തിരുന്നതായി പറയപ്പെടുന്നു . ആയുർവേദ മരുന്നായ മാകലി ബീരു എന്ന ഫലം ഇവിടെ ധാരാളമായി കിട്ടുന്നതിനാലാണ് ഈ സ്ഥലത്തിന് മാകലി ദുർഗ് എന്ന പേരുവന്നത് .
മലമുകളിൽ ഗുണ്ടാ മകരെ(Gunda magare) തടാകവും ഒരു പുരാതന കോട്ടയുടെ ആവശിഷ്ടവുമുണ്ട് . മാകലിയുടെയും മഹേശ്വരന്റെയും ഒരു ക്ഷേത്രവും .
മലയുടെ അടിവാരത്ത് മുതുരയ്യ സ്വാമി അമ്പലം (Muthuraya Swamy ) കാണാം.
ഈ മലയുടെ അടുത്തുതന്നെയാണ് ഗടി സുബ്രഹ്മണ്യക്ഷേത്രം (Ghati Subramania).
ട്രെയിനിൽ പോകുമ്പോൾ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് ഇടതുവശത്ത് മലയും വലതുവശത്ത് ക്ഷേത്രവും കാണാം .ഏതാണ്ട് 600 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ സുബ്രഹ്മണ്യനും ലക്ഷ്മി നരസിംഹവും ആണ് പ്രതിഷ്ഠ സുബ്രഹ്മണ്യൻ ശിവന്റെ പുത്രനും പാമ്പുകളുടെ രാജാവുമാണ് എന്നാണ് ഐതിഹ്യം . ഇവിടെ പാമ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്താന ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ആണ് പ്രധാനം .
ഒരു വലിയ ഗോശാല യും ക്ഷേത്രത്തിന്റെ അനുബന്ധമായി ഉണ്ട് .
തൊണ്ടെബാവി(Thondebhavi)
തൊണ്ടെബാവി സ്റ്റേഷനോട് ചേർന്ന് കൊണ്ടുതന്നെ എസിസി സിമൻറ് കമ്പനിയുടെ സൈഡിങ് കാണാം 2009 ലാണ് ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിലെ സിമന്റിന്റെയും റെഡിമിക്സ് കോൺക്രീറ്റിന്റെയും മുഖ്യ ഉൽപാദകരാണ് ഈ കമ്പനി. 1.60 മില്യൺ ആണ് ഉൽപ്പാദനശേഷി .
മറ്റ് ധാരാളം കമ്പനികളും ഈ മേഖലയിൽ കാണാം .
ഈ സ്ഥലം കർണാടക സംസ്ഥാനത്താണ് .
തൊണ്ടെബാവിക്കും ഗൗരി ബിദനൂറിനും (Gouribidanur) ഇടയിൽ വിദുരാസ്വത(Viduraswatha) എന്ന ചെറിയ സ്റ്റേഷനാണ് കർണാടകയുടെയും ആന്ധ്രയുടെയും അതിർത്തി .
വിദുരാസ്വത യെ ദക്ഷിണേന്ത്യയിലെ ജാലിയൻവാലാബാഗ് എന്ന് പറയുന്നു.
1938 ൽ ,കൃത്യമായി പറഞ്ഞാൽ 25 4 .1938 ന് നിരോധനാജ്ഞ ലംഘിച്ച് കോൺഗ്രസ് പതാക ഉയർത്തിയ ജനങ്ങൾക്കുനേരെ ബ്രിട്ടീഷ് കൊളോണിയൽ പോലീസ് 90 റൗണ്ട് വെടിവെച്ചു 35 പേർ വീര മൃതിയടഞ്ഞു, നൂറിൽപരം പേർക്ക് പരിക്കുപറ്റി .ഇവരുടെ ഓർമ്മയ്ക്കായി ഒരു സ്മാരകവും ഇവിടെയുണ്ട്
നമ്മുടെ യാത്രാമധ്യേ റെയിൽ പാളത്തിന് ഇരുവശങ്ങളിലും യൂക്കാലി ,കാറ്റാടി ,ആരിവേപ്പ് തുടങ്ങിയ മരങ്ങളും മുന്തിരി രാഗി, പച്ചക്കറികൾ, പൂക്കൾ തുടങ്ങിയ കൃഷികളും കാണാം.
ട്രെയിനുകൾ ക്രോസിംഗിനായി ചെറിയ സ്റ്റേഷനുകളിൽ ഇടുമ്പോൾ സമീപവാസികൾ
മുന്തിരി പേരക്ക പപ്പായ എന്നിവ വില്പനയ്ക്കായി
വരുന്നതായും കാണാം .
തൊണ്ടേ ബാവി- മാകലി ദുർഗ് പാത കുത്തനെയുള്ള കയറ്റ തോടുകൂടി ഉള്ളതാണ്. മുൻകാലങ്ങളിൽ ചരക്കുവണ്ടി ഡ്രൈവർമാരുടെ പേടിസ്വപ്നമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിൽ ആവശ്യമായ കുതിരശക്തി ഇല്ലാത്ത എൻജിനുമായി പലപ്പോഴും ട്രെയിൻ വഴിയിൽ നിൽക്കുകയും പിന്നീട് മറ്റൊരു എൻജിൻ വന്നു തള്ളുന്ന സ്ഥിതിയും ഉണ്ടായിരുന്നു.
എന്നാൽ ALCO എഞ്ചിനു കളിൽനിന്നും ന്യൂജനറേഷൻ WDP 4 എൻജിനുകളിലേക്കും
പിന്നീട് WAP 7 മുതലായ
വൈദ്യുതി എഞ്ചിനുകളി ലേക്കും , കോച്ചുകൾ വാഗണുകൾ എന്നിവ ആധുനിക
സംവിധാനത്തിലേക്കും മാറിയതോടെ അത്തരമൊരു അവസ്ഥ ഇല്ലാതായി.
(തുടരും.....)
Comments
Post a Comment