ധർമവാരം സെക്ഷന്‍- തുടര്‍ച്ച
ഗൗരി ബിധനൂർ (Gouribidanur):
കർണാടകയിലെ ചിക്കബല്ലപുർ ജില്ലയിലാണ് ഗൗരി ബുധനൂർ സ്ഥിതിചെയ്യുന്നത് ഇത് ഒരു താലൂക്ക് ആസ്ഥാനം ആണ്
ദേവര പള്ളി (Devarapalli):
കർണാടകയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് ദേവര പള്ളി വില്ലേജ് സ്ഥിതിചെയ്യുന്നത്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാലും സംസ്ഥാന അതിർത്തി ആയതിനാലും ധാരാളം വ്യവസായ സ്ഥാപനങ്ങൾ ഇവിടെയുണ്ട് . പഴയ ഇരുമ്പ് സാധനങ്ങൾ ഉരുക്കി എടുക്കുന്ന ഫാക്ടറികൾ രൂക്ഷമായ ഗന്ധം പ്രസരിപ്പിച്ച് റെയിൽപാതക്ക് ഇരുവശത്തും കാണാം . അലുമിനിയം, ഫെറസ് ,സ്റ്റീൽ & അലോയിഡ് എന്നിവയാണ് പ്രധാനം
ഹിന്ദുപൂർ(Hindupur):
ഈ സെക്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനാണ് ഹിന്ദുപൂർ.ഹിന്ദുപൂർ എന്ന പേരുവന്നത് മറാത്ത രാജാവ് ഹിന്ദോജി റാവുവിന്റെ സ്മരണയിലാണ് .
വളരെ പുരാതനവും പ്രസിദ്ധവുമായ ലേപക്ഷി ശ്രീ വീരഭദ്ര സ്വാമി അമ്പലം ഇവിടെ നിന്നും 13 കിലോമീറ്റർ ദൂരത്താണ് . ആന്ധ്രയിലെ അനന്തപൂർ ജില്ലയിൽ ആണിത് . ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ .
ലേപക്ഷി അമ്പലത്തിൽ ശിവനും വിഷ്ണുവും വീരഭദ്രനും ആണ് പ്രതിഷ്ഠ .AD 1530 ൽ വിജയനഗര സാമ്രാജ്യത്തിലെ ഭരണ കാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്
പഞ്ചസാര ശർക്കര ഇരുമ്പ് സിൽക്ക്, മുളക്, പുളി എന്നിവയാണ് മുഖ്യമായും ഉൽപ്പാദിപ്പിക്കപ്പെടുന്നത്
പെനുകൊണ്ട(Penukonda):
ഇതൊരു ജംഗ്ഷൻ സ്റ്റേഷനാണ് . പ്രശാന്തി നിലയത്തുകൂടി പോകുന്ന റെയിൽപാത ഇവിടെ നിന്നും പിരിഞ്ഞു പോകുന്നു .ഒരു പാത നാഗ സമുദ്രം വഴി ധർമ വാരത്തെത്തുന്നു, മറ്റൊന്നു പുട്ടപർത്തി വഴി ധർമവാരം എത്തുന്നു.
പെനു കൊണ്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിൽ മലമുകളിൽ പുരാതനമായ ഒരു കോട്ട ഉണ്ട് ഇവിടെ വിജയനഗര സാമ്രാജ്യത്തിലെ രണ്ടാം തലസ്ഥാനമായിരുന്നു.
ശ്രീ സത്യസായി പ്രശാന്തിനിലയം:
സായിബാബയുടെ ആശ്രമം അതിനോടനുബന്ധിച്ചുള്ള ആശുപത്രികളും എ ഇവിടെയാണ് . സായിബാബ ജീവിച്ചിരിക്കുന്ന സമയത്ത് പലതവണ ഞങ്ങൾ പുട്ടപർത്തി സന്ദർശിച്ചിട്ടുണ്ട് . ആ കാലഘട്ടത്തിൽ ഈ റെയിൽപാത ഉണ്ടായിരുന്നില്ല. 2000 ലാണ് ഈ പാത നിർമാണം ആരംഭിച്ചത്. ഇവിടെ ഒരു വിമാനത്താവളം ഉണ്ട് ധാരാളം ഭക്തർ ഇന്നും ഇവിടെ സന്ദർശിക്കാൻ എത്തുന്നുണ്ട്. രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രധാനപ്പെട്ട പല ട്രെയിനുകളും ഇവിടെ നിർത്തുന്നുണ്ട്. 2011 ൽ സായിബാബ അന്തരിച്ചു. പ്രശാന്തിനിലയം കഴിഞ്ഞാൽ മല തുരന്ന് ഒരു ടണലിലൂടെ ആണ് റെയിൽപാത കടന്നു പോകുന്നത്.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഈ മേഖലയിൽ 750 വില്ലേജുകളിൽ ജല ലഭ്യത ഉറപ്പു വരുത്താനായി സത്യസായി ട്രസ്റ്റ് L&T യുമായി ചേർന്ന് പല പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട് .
കെ ഐ എ (KIA) :കൊറിയൻ കമ്പനിയായ KIA ഇന്ത്യ ലിമിറ്റഡ് 2017ൽ പെനു കൊണ്ടക്കും മക്കാജി പള്ളിക്കും ഇടയിൽ അനന്തപൂർ ജില്ലയിലെ 536 ഏക്കർ സ്ഥലത്ത് കാർ നിർമാണ യൂണിറ്റ് ആരംഭിച്ചു . 2019 കാർ നിർമ്മാണം ആരംഭിച്ചു വർഷം 3 ലക്ഷം കാർ നിർമ്മിക്കാനുള്ള കപ്പാസിറ്റി ഉണ്ട് . മൂവായിരത്തോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു .
ധർമ്മ വാരം: അനന്തപൂർ ജില്ലയിലാണ് ഈ ജംഗ്ഷൻ സ്റ്റേഷൻ നിലനിൽക്കുന്നത്.
ധർമവാരം പട്ട് വളരെ പ്രസിദ്ധമാണ് . ഇവിടെനിന്ന് പാക്കാല പാത പിരിയുന്നു. ധർമവാരം സിൽക്ക് സിറ്റി ഓഫ് ആന്ധ്ര എന്നാണ് അറിയപ്പെടുന്നത് . കൈത്തറി , പട്ടുസാരികൾ ലെതർ ഉൽപ്പന്നങ്ങൾ മുതലായവ ഉല്പാദിപ്പിക്കുന്നു. കടലയാണ് പ്രധാനകൃഷി .
വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂർ ധർമ്മ വാരം സെക്ഷനിൽ ALCO എൻജിനുകൾ മാത്രമാണ് ഉപയോഗിക്കപ്പെട്ടിരുന്നത് . ബാംഗ്ലൂരിൽ നിന്നും മിക്കവാറും കാലി വാഗണുകളാണ് പോവുക. ഇറക്കം ആയതിനാൽ നല്ല വേഗതയിൽ പോകും തിരിച്ചുവരുമ്പോൾ നിറയെ ചരക്കുകൾ കയറ്റിയ ഭാരമേറിയ ട്രെയിനുകളാണ് വരിക. എൻജിനുകൾ താരതമ്യേനെ കുതിരശക്തി കുറഞ്ഞതും .മഴയുള്ള സമയത്ത് ചരക്കുവണ്ടികൾ ഓടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ കാര്യം വളരെ കഷ്ടമാണ് . കയറ്റങ്ങളിൽ ചിലപ്പോൾ വേഗത കുറഞ്ഞ് 10 കിലോമീറ്റർ വരെ ആകും , ചിലപ്പോൾ നിന്നുപോകുന്ന അവസ്ഥ വരും. പലപ്പോഴും അസിസ്റ്റന്റ് മാർ ഇറങ്ങി പാതയിൽ മണ്ണിട്ട് വരേണ്ടിവരും. ചിലപ്പോൾ പുറകിൽ നിന്നും മറ്റൊരു എഞ്ചിൻ വന്ന് തള്ളേണ്ടിവരും.പുതിയ WDP4,WDG4 എൻജിനുകൾ വന്ന ശേഷം അത്തരം ഒരു പ്രശ്നമില്ല. വൈദ്യുതീകരണത്തിന് ശേഷം കൂടുതൽ ശക്തരായ എൻജിനുകൾ രംഗപ്രവേശം ചെയ്തു .
ഞങ്ങൾ ഗുഡ്സ് ട്രെയിനിൽ ജോലിചെയ്യുന്ന കാലത്ത് പലപ്പോഴും ജോലി സമയം (12 മണിക്കൂർ) കഴിയുമ്പോൾ തുടർന്ന് ജോലി ചെയ്യാൻ വിസമ്മതം പ്രകടിപ്പിക്കാറുണ്ട്. അപ്പോൾ ഹിന്ദുപൂർ പോലുള്ള സ്ഥലങ്ങളിൽ ഇറക്കി പുതിയ ലോക്കോപൈലറ്റിനെ നിയോഗിക്കും. ഹിന്ദു പൂരിൽ ചിലപ്പോൾ 24 മണിക്കൂർ വരെ കാത്തിരിക്കേണ്ടിവരും. ഞങ്ങളെ മര്യാദ പഠിപ്പിക്കുക എന്നതാണ് മാനേജ്മെന്റിന്റെ ഉദ്ദേശം. അത്തരം ഒരവസരത്തിൽ ആണ് ഞാൻ ലെപക്ഷി അമ്പലം സന്ദർശിച്ചത് .
ധർമ വാരം സെക്ഷനിൽ ഗുഡ്സ് ട്രെയിനുകളിൽ ജോലി ചെയ്യുമ്പോൾ പലപ്പോഴും അന്നത്തെ ലോക്കോ പൈലറ്റുമാരെ നേരിടുന്ന പ്രശ്നങ്ങൾ ഇവയാണ് .
1 കയറ്റം കയറാനാകാതെ ട്രെയിൻ നിന്നു പോവുക(Stalling)
2. ടെയിൽ ഓടിച്ച് വേണ്ടത്ര പരിചയം ഇല്ലാത്തതിനാൽ പലപ്പോഴും കപ്ലിങ്ങ് ഉടഞ്ഞ് ട്രെയിൻ രണ്ടുഭാഗങ്ങളായി മാറും(Parting)
3. ഗെയ്റ്റ് ഉള്ളതും ഇല്ലാത്തതുമായ നിരവധി ലെവൽ ക്രോസിംഗ് ഉള്ളതിനാൽ ആളില്ലാത്ത ലെവൽ ക്രോസിങ്ങ് ഗേറ്റുകളിൽ റോഡ് വാഹനങ്ങളിൽ ട്രെയിൻ ഇരിക്കുക ഒരു സാധാരണ സംഭവമായിരുന്നു
ഇപ്പോൾ പല ഗേറ്റുകളും അടിപ്പാത മേൽപ്പാലം എന്നിവ സ്ഥാപിച്ചു, ആളില്ലാത്ത ലവൽ ക്രോസിംഗ് പൂർണമായി ഒഴിവാക്കി.
4.മറ്റൊരു പ്രശ്നം ബ്രേയ്ക്ക് പവറുമായി ബന്ധപ്പെട്ടതായിരുന്നു . പല ചരക്കുവണ്ടികൾക്കും ആവശ്യമായ ബ്രേയ്ക്ക് ഉണ്ടാവില്ല ഞങ്ങൾ പരിശോധിച്ച് അത്തരം ട്രെയിനുകൾ നിരസിക്കും . അന്നത്തെ കാലത്ത് ഗുഡ്സ് ലോക്കോ പൈലറ്റുമാരിൽ ഇത്തരം പ്രശ്നങ്ങൾ പ്രതിസന്ധികൾ അഭിമുഖീകരിക്കാത്തവർ ഉണ്ടാകില്ല.
"അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ" എന്ന് പറഞ്ഞ പോലെ.
വിശദീകരണം സസ്പെൻഷൻ ചാർജ് ഷീറ്റ് എന്നിവ സാധാരണമായിരുന്നു.
ഒരു കഥ പറയാം
ഒരില്ലത്ത് അതിഥിയായി ചെന്ന മാടമ്പ് കുഞ്ഞുകുട്ടനോട്
ആതിഥേയൻ നമ്പൂതിരി കുശല പ്രശ്നത്തിനു ഇടയ്ക്ക്
"ട്ടോ മാടമ്പ് , വ്ടെ മുറുക്കണോ രാരൂല്യ "
" അതോണ്ട് വിരോധോല്യ"
" ബീഡി സിഗരറ്റ് .. ആ വകേം പതിവില്യ"
" അതോണ്ടും വിഷമല്ല്യ"
"കാപ്പി ചായ അങ്ങനേം പതിവില്ല . ഒക്യൊരു പഴേ മട്ടാവട്ടെ . മാടമ്പിന്റവിടെ ക്കൊങ്ങനാ?"
"അവിടേം ഇതൊക്കെ പതിവില്ലാത്തോരുണ്ട്. പക്ഷെ അവരൊക്കെ തൊഴുത്തിലാണ്ന്ന് മാത്രം"
വണ്ടി ഓടിക്കുന്ന ഡ്രൈവർമാർക്ക് മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം സാധാരണമാണെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്ത കുറച്ച് ആളുകൾ
ഉണ്ടായിരുന്നു അവർ കൺട്രോൾ ഓഫീസിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു
Comments
Post a Comment